Kerala
കൊച്ചി: ഏതു തെരഞ്ഞെടുപ്പ് വന്നാലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സര്‍ക്കാരിനെ പൊതുജനങ്ങള്‍ ദൈനംദിനം വിലയിരുത്തിക്കൊണ്ടാണിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിലല്ല സര്‍ക്കാരിനെ വിലയിരുത്തേണ്ടത്. അവസാന വിലയിരുത്തല്‍ നിയമസഭാതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മൂന്നാം തവണയും അധികാരത്തില്‍ വരുമോയെന്നു തീരുമാനിക്കേണ്ടത് പൊതുജനമാണ്. തന്റെ കാര്യം പാര്‍ട്ടിയാണു തീരുമാനിക്കേണ്ടത്. -മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎം ശ്രീ
പിഎം ശ്രീയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഇടപെടല്‍ സംബന്ധിച്ച ചോദ്യത്തിന് നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലാണ് ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചതെന്നായിരുന്നു പിണറായിയുടെ മറുപടി.
മറ്റേതെങ്കിലും തരത്തിലുള്ള നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ജോണ്‍ ബ്രിട്ടാസ് മികച്ച ഇടപെടലിനു ശേഷിയുള്ള എംപിയാണ്. സംസ്ഥാനത്തിന് അര്‍ഹമായ ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായാണ് എംപി എന്നനിലയില്‍ അദ്ദേഹം ഇടപെടല്‍ നടത്തിയത്-പിണറായി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പക്ഷേ, പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് ബോധപൂര്‍വം ചിലര്‍ സംരക്ഷണമൊരുക്കുന്നുണ്ട്. ചില സ്ഥലങ്ങളെപ്പറ്റി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇനിയെങ്കിലും അത്തരം സംരക്ഷണം ഒരുക്കാതിരിക്കണം.
പോലീസ് ഫലപ്രദമായി പ്രവര്‍ത്തിച്ച് പ്രതിയെ വൈകാതെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിലെ പ്രതിപക്ഷ ആരോപണങ്ങള്‍ ജനം വിലയിരുത്തട്ടെ. മനഃസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ ലൈംഗിക വൈകൃതക്കാരന്റെ നപടികള്‍ പൊതുപ്രവര്‍ത്തകനോ പൊതുസമൂഹത്തിനോ ചേര്‍ന്നതാണോ. ആരോപണങ്ങൾ ഉയരുമ്പോള്‍ത്തന്നെ മാറ്റി നിര്‍ത്താനല്ലേ ശ്രമിക്കേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിവാദം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ. പത്മകുമാറിനെതിരേ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്നായിരുന്നു പിണറായിയുടെ മറുപടി.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആരു തെറ്റു ചെയ്താലും സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നു പാര്‍ട്ടി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഫലപ്രദമായ അന്വേഷണമാണു നടക്കുന്നത്. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.
വിസി നിയമനം
സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച നടപടി സുപ്രീംകോടതി നിലപാടുകളുടെ ലംഘനമല്ലേയെന്നു സംശയിക്കുന്നു. സുപ്രീംകോടതി നിര്‍ദേശം പാലിച്ചാണ് മുഖ്യമന്ത്രി എന്നനിലയില്‍ ലിസ്റ്റ് കൊടുത്തത്. ലിസ്റ്റ് കിട്ടിയാല്‍ മുന്‍ഗണന നിശ്ചയിച്ച് ഗവര്‍ണര്‍ക്ക് കൊടുക്കണം. അതില്‍നിന്ന് വിസിയെ ഗവര്‍ണര്‍ നിയോഗിക്കണമെന്നാണു സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ആ നിര്‍ദേശം ഗവര്‍ണറെ പോലൊരാള്‍ ലംഘിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ഫെഡറല്‍ സംവിധാനത്തെ അപകടത്തിലാക്കുന്ന നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതുപോലെ ചില ഗവര്‍ണര്‍മാരുടെ ഭാഗത്തുനിന്നും-മുഖ്യമന്ത്രി പറഞ്ഞു.
ജയകുമാറിന്റെ നിയമനം
കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായത് സര്‍ക്കാര്‍ നിശ്ചയിച്ചതു കൊണ്ടാണ്. അദ്ദേഹം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. സര്‍വീസിന്റെ ഭാഗമാണെന്നു പറയാനാകില്ല.
ഇഡി നോട്ടീസ്
തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനാണ് കിഫ്ബിയിലെ ഇഡി നോട്ടീസ്. ഏതായാലും ഇതു തീര്‍ത്തും പരിഹാസ്യമായിപ്പോയി. ആര്‍ബിഐ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. അണുവിട വ്യതിചലിച്ച് ഒരു കാര്യവും ചെയ്തിട്ടില്ല. നിയമത്തിനുമുന്നില്‍ സര്‍ക്കാരും കിഫ്ബിയും എടുക്കാന്‍ പോകുന്ന നിലപാടും ഇതുതന്നെയാകും-മുഖ്യമന്ത്രി പറഞ്ഞു.